India Mirror News

ഗുജറാത്തിനെതിരെ രാജസ്ഥാൻ ഇന്ന് രണ്ടാം ക്വാളിഫയറിന്; ക്രിക്കറ്റ് ലോകം വൈഭവ് സൂര്യവൻഷി മാജിക്കിലേക്ക്

ഗുജറാത്തിനെതിരെ രാജസ്ഥാൻ ഇന്ന് രണ്ടാം ക്വാളിഫയറിന്; ക്രിക്കറ്റ് ലോകം വൈഭവ് സൂര്യവൻഷി മാജിക്കിലേക്ക്

ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം യുവ വിസ്മയം വൈഭവ് സൂര്യവൻഷിയിലേക്കാണ് നീളുന്നത്. എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തല്ലിത്തകർത്ത വൈഭവ് മാജിക് ഇന്നും ആവർത്തിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ. പവർപ്ലേ ഓവറുകളെ തന്റെ ബാറ്റിംഗ് കരുത്തുകൊണ്ട് അനായാസം മെരുക്കുന്ന ഈ യുവ സെൻസേഷന് മുന്നിലായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിന്റെ തകർച്ച. ക്രിസിലുണ്ടായിരുന്ന വെറും 29 പന്തുകളിൽ നിന്ന് 12 സിക്സറുകളുടെ അകമ്പടിയോടെ 97 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. തന്ത്രശാലിയായ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെപ്പോലും സമ്മർദ്ദത്തിലാക്കാൻ സൂര്യവൻഷിക്ക് കഴിഞ്ഞു. താനൊരു കംപ്ലീറ്റ് ടീം പ്ലേയർ ആണെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് തന്റെ ഗെയിം പ്ലാനുകൾ മാറ്റാറുള്ളതെന്നും വൈഭവ് വ്യക്തമാക്കുന്നു. സൂര്യവൻഷിയുടെ ഈ വെടിക്കെട്ട് ഇന്നിങ്സിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വൈഭവിന്റെ ബാറ്റ് സ്വിങ് അത്യുജ്വലമാണെന്നാണ് സച്ചിന്റെ വിലയിരുത്തൽ. ഈ സീസണിൽ ഒരു ഐ.പി.എൽ സീസണിൽ കൂടുതൽ സിക്സറുകളെന്ന സാക്ഷാൽ ക്രിസ് ഗെയിലിന്റെ റെക്കോർഡും സൂര്യവൻഷി മറികടന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ തലനാരിഴയ്ക്കാണ് ഏറ്റവും വേഗമേറിയ ട്വന്റി20 സെഞ്ച്വറി എന്ന റെക്കോർഡ് നഷ്ടമായതെങ്കിലും അടുത്ത മത്സരത്തിൽ താരം അത് സ്വന്തമാക്കുമെന്ന ഉറപ്പിലാണ് ആരാധകർ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ രണ്ട് കടുത്ത ‘ഡു ഓർ ഡൈ’ മത്സരങ്ങൾ അതിജീവിച്ചാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ രണ്ടാം ക്വാളിഫയറിലേക്ക് എത്തിനിൽക്കുന്നത്. തുടർച്ചയായ ഇത്തരം സമ്മർദ്ദ മത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു നിർണായക പോരാട്ടത്തിനിറങ്ങുമ്പോൾ അത് അതിജീവിക്കാൻ രാജസ്ഥാന് കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം, മറുവശത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ടീമാണ്. അനായാസമായി പ്ലേ ഓഫിലെത്തിയ അവർക്ക്, ബംഗളൂരുവിനോടേറ്റ തോൽവിക്ക് ശേഷം ആവശ്യത്തിന് വിശ്രമവും തന്ത്രങ്ങൾ മെനയാൻ ചെറിയൊരു ഇടവേളയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീം എന്ന നിലയിൽ ഗുജറാത്തിന് മാനസികമായി അൽപം ആശ്വാസമുണ്ട്. ഇരു ടീമുകളുടെയും സാധ്യതാ ഇലവൻ പരിശോധിച്ചാൽ ശക്തമായ നിരയുമായാണ് അവർ കളത്തിലിറങ്ങുന്നത്.

യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, ദസുൻ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രെ ബർഗർ, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശർമ എന്നിവർക്കൊപ്പം ഇംപാക്ട് പ്ലേയർമാരായി സുശാന്ത് മിശ്രയോ തുഷാർ ദേശ്പാണ്ഡെയോ രവി ബിഷ്ണോയിയോ രാജസ്ഥാൻ നിരയിൽ ഇടംപിടിച്ചേക്കും. ഗുജറാത്ത് ടൈറ്റൻസ് നിരയിലാകട്ടെ സായ് സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, നിശാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ ടെവാട്ടിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർക്കൊപ്പം അർഷാദ് ഖാനോ സായ് കിഷോറോ അന്തിമ ഇലവനിൽ എത്തിയേക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *