മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനമായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് ഔദ്യോഗികമായി കൈമാറി. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും. സത്യപ്രതിജ്ഞ നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്നും, എന്നാൽ ഗവർണർ സ്ഥലത്തില്ലെന്ന് ഇന്നലെ അറിഞ്ഞതിനാലാണ് ഇന്ന് രാവിലെ തന്നെ ലിസ്റ്റ് സമർപ്പിച്ചതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ അന്തിമ പട്ടിക പ്രകാരം സുപ്രധാനമായ ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം, സയൻസ് & ടെക്നോളജി, ലോട്ടറി, എയർപോർട്ട്, മെട്രോ എന്നീ വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ, ജയിൽ, കയർ എന്നീ സുപ്രധാന വകുപ്പുകൾ ലഭിച്ചപ്പോൾ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. മറ്റൊരു മുതിർന്ന നേതാവായ കെ. മുരളീധരൻ ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പും, പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളും, എം. ലിജുവിന് സഹകരണം, എക്സൈസ് വകുപ്പുകളും ലഭിച്ചു. യുവനേതാക്കളായ റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസവും, ടി. സിദ്ദിഖിന് കൃഷി വകുപ്പും നിശ്ചയിച്ചപ്പോൾ, കെ.എ. തുളസി പട്ടിക ജാതി-പട്ടിക വർഗ ക്ഷേമ വകുപ്പും, ബിന്ദു കൃഷ്ണ തൊഴിൽ, വനിതാ-ശിശു സംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല ഒ.ജെ. ജനീഷിനാണ്.
ഘടകകക്ഷികളിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി വകുപ്പുകളും, എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ലീഗിലെ മറ്റ് നേതാക്കളായ കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണ വകുപ്പും, പി.കെ. ബഷീറിന് പൊതുമരാമത്ത് വകുപ്പും, വി.ഇ. അബ്ദുൽ ഗഫൂറിന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുകളും ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് ജലവിഭവ വകുപ്പ്, ഇറിഗേഷൻ എന്നിവ കൈകാര്യം ചെയ്യുമ്പോൾ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ലഭിച്ചിരിക്കുന്നത്. സിഎംപി നേതാവ് സി.പി. ജോണിന് ഗതാഗത വകുപ്പും, ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് വനം വകുപ്പും നൽകി. വകുപ്പ് വിഭജനം പൂർത്തിയായതോടെ പുതിയ മന്ത്രിമാർ ഉടൻ തന്നെ തങ്ങളുടെ ഓഫീസുകളിൽ പൂർണ്ണതോതിൽ ചുമതലയേൽക്കും.



