India Mirror News

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭ അധികാരത്തിലേക്ക്

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭ അധികാരത്തിലേക്ക്

ദീർഘനാൾ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയുക്ത മുഖ്യമന്ത്രിയ്ക്കും മറ്റ് 20 മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. യുഡിഎഫിന്റെ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തലസ്ഥാനത്ത് എത്തിച്ചേരും. ഇവർക്കൊപ്പം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ അതീവ ജാഗ്രതയും കനത്ത പോലീസ് സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അവസാന നിമിഷം വരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് 21 അംഗ മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകി നിയുക്ത മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയത്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ. മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അബ്ദുൾ ഗഫൂർ എന്നിവരും ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിസഭയിലെത്തുന്നത്; ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും തുടർന്നുള്ള കാലയളവിൽ മാണി സി. കാപ്പനും മന്ത്രിസ്ഥാനം അലങ്കരിക്കും. പുതിയ സ്പീക്കർ സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെയും യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തൊട്ടുമുമ്പും മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. തനിക്ക് അനുവദിച്ചേക്കുമെന്ന് കരുതിയിരുന്ന വൈദ്യുതി വകുപ്പിനോട് താല്പര്യമില്ലെന്ന് കെ. മുരളീധരൻ മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പകരം ആരോഗ്യവും ദേവസ്വവും വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചതായാണ് വിവരം. ഘടകകക്ഷികളുടെ വകുപ്പുകളിലും ചില ചെറിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. യോഗ്യരായ ചില പ്രമുഖരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് അന്തിമ പട്ടിക പ്രഖ്യാപിച്ചുകൊണ്ട് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *