കേരളത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോഴും തന്റെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ചേരാൻ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും നിലപാടിൽ അയവു വരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ചെന്നിത്തലയ്ക്ക് നിർണ്ണായകമായ ധനവകുപ്പ് നൽകാമെന്ന വ്യവസ്ഥയിലാണ് നിലവിൽ കോൺഗ്രസിനുള്ളിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ, തന്റെ കൂടെ നിൽക്കുന്ന നാല് തവണ എംഎൽഎമാരായ മുതിർന്ന നേതാക്കളെക്കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ശക്തമായ ആവശ്യമാണ് അദ്ദേഹം എഐസിസി നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. തന്റെ പക്ഷത്തുള്ളവരുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനമുണ്ടായ ശേഷമേ സ്വന്തം മന്ത്രിസ്ഥാനത്തെക്കുറിച്ച് അന്തിമ നിലപാട് സ്വീകരിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം.
ആഭ്യന്തര വകുപ്പിനായുള്ള അവകാശവാദത്തിനൊപ്പം തന്റെ അനുയായികൾക്ക് അർഹമായ പരിഗണന ഉറപ്പാക്കണമെന്ന ആവശ്യത്തിലും ചെന്നിത്തല ഉറച്ചുനിൽക്കുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. ഈ സാഹചര്യത്തിൽ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അദ്ദേഹവുമായി വീണ്ടും നിർണ്ണായക കൂടിക്കാഴ്ച നടത്തും. അതേസമയം, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമിടുകയാണ്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചർച്ചകളിൽ ഓരോ കക്ഷികൾക്കുമുള്ള മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പുകളിലും അന്തിമ ധാരണയിലെത്തും. ഇന്നലെ കൊച്ചി സന്ദർശനത്തിനായി പോയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും.



