വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ ഹോട്ടൽ ഭക്ഷണവിലയിലും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചുകൊണ്ട് ചായയ്ക്ക് നാല് രൂപ വരെയും ഊണിന് മുപ്പത് രൂപ വരെയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 12 രൂപയായിരുന്ന ഒരു ചായയുടെ വില 16 രൂപയായി ഉയർന്നു. 90 രൂപയ്ക്ക് ലഭിച്ചിരുന്ന ഉച്ചഭക്ഷണത്തിന് ഇനി മുതൽ 120 രൂപ വരെ നൽകേണ്ടി വരും. സിലിണ്ടർ വിലയിലുണ്ടായ വർധന കാറ്ററിംഗ്, ഹോസ്റ്റൽ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പൊറോട്ടയുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും നോൺ വെജ് വിഭവങ്ങളുടെ വില വരുംദിവസങ്ങളിൽ വർധിപ്പിക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.
ഭക്ഷണവിലയ്ക്ക് പുറമെ സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധനവിലയും വർധിക്കാനൊരുങ്ങുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടാൻ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയതായാണ് പുറത്തുവരുന്ന സൂചനകൾ. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വരെ കൂടിയേക്കും. സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം ഇന്ധനവില വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.



