India Mirror News

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ പോരാട്ടം: വിജയ് സർക്കാരിനെ നേരിടാൻ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ പോരാട്ടം: വിജയ് സർക്കാരിനെ നേരിടാൻ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജോസഫ് വിജയ്‌യും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധികാരമേറ്റതിന് പിന്നാലെ, ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായും നിയമസഭയിലെ പ്രതിപക്ഷ നേതാവായും ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ.എൻ. നെഹ്റുവാണ് പ്രതിപക്ഷ ഉപനേതാവ്. വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ തമിഴ്‌നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെങ്കിലും, ഭരണപരിചയമില്ലാത്തത് വെല്ലുവിളിയാണെന്ന വിമർശനങ്ങൾക്കിടയിലും വലിയ ജനകീയ പ്രതീക്ഷയാണ് അദ്ദേഹം നേരിടുന്നത്.

വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് മന്നിലെ ആചാരങ്ങൾക്ക് വിരുദ്ധമായി ഗാനങ്ങൾ ആലപിച്ചു എന്ന പേരിൽ ആദ്യദിവസം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്. തമിഴ് ജനതയുടെ സ്വത്വമായ ‘തമിഴ് തായ് വാഴ്ത്തിന്’ പകരം വന്ദേമാതരത്തിനും ദേശഭക്തി ഗാനങ്ങൾക്കും പ്രഥമ പരിഗണന നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമായത്. സാധാരണയായി സർക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ് വാഴ്ത്തും അവസാനം ദേശീയ ഗാനവുമാണ് പാടാറുള്ളത്. ബിജെപിയെ പ്രീണിപ്പിക്കാനാണ് വിജയ് ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങുകൾ നടന്നത് എന്നതും ശ്രദ്ധേയമാണ്. മുൻപ് ഗവർണർ ആർ.എൻ. രവിയും സ്റ്റാലിനും തമ്മിൽ ഇതേ വിഷയത്തിൽ തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, വിജയ് സർക്കാരിന്റെ ഈ നീക്കം വരുംദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *