ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഡൽഹിയുടെ പ്രധാന ആയുധമായ കുൽദീപ് യാദവിനെ സഞ്ജു നേരിട്ട രീതിയെ ഒരു ‘ചെസ്സ് കളി’യോടാണ് ചോപ്ര ഉപമിച്ചത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ കുൽദീപിനെതിരെ കൃത്യമായ കണക്കുകൂട്ടലുകളോടെ ബാറ്റ് വീശാൻ നിലവിൽ സഞ്ജുവിനോളം കെൽപ്പുള്ള മറ്റൊരു താരം ഐപിഎല്ലിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു റൺ ചേസ് എങ്ങനെ പ്ലാൻ ചെയ്യണം എന്നതിന്റെ ‘മാസ്റ്റർ ക്ലാസ്’ ആയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ് എന്നും, തുടക്കത്തിൽ പേസർമാരെ ബഹുമാനിച്ച താരം കുൽദീപിനെ ആക്രമിക്കാൻ തീരുമാനിച്ചത് മത്സരത്തിൽ നിർണ്ണായകമായെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ചോപ്ര വ്യക്തമാക്കി. കുൽദീപ് യാദവിനെതിരെ നേരിട്ട വെറും 9 പന്തിൽ നിന്ന് 25 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
പ്ലേ ഓഫ് പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ചെന്നൈക്ക് വരാനിരിക്കുന്ന നാല് മത്സരങ്ങളും അത്യന്തം നിർണ്ണായകമാണെന്ന് ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകി. ലക്നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കെതിരെയാണ് ചെന്നൈയുടെ അടുത്ത പോരാട്ടങ്ങൾ. പോയിന്റ് പട്ടികയിൽ ചെന്നൈക്ക് തൊട്ടുമുകളിലുള്ള ഹൈദരാബാദിനോടും ഗുജറാത്തിനോടും ഒരു കാരണവശാലും തോൽക്കരുത്. കാരണം ഇത്തരം പരാജയങ്ങൾ പ്ലേ ഓഫ് യോഗ്യത കൂടുതൽ സങ്കീർണ്ണമാക്കും. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ വരാനിരിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണമെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പിന്നിനെ നേരിടുന്നതിലെ സഞ്ജുവിന്റെ മികവ് വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ചെന്നൈക്ക് വലിയ കരുത്താകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.



