India Mirror News

കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി മോൻസ് ജോസഫ്

കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി മോൻസ് ജോസഫ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച കേരള കോൺഗ്രസ് തങ്ങളുടെ നിയമസഭാ കക്ഷി ഭാരവാഹികളെ തിരഞ്ഞെടുത്തു. കടുത്തുരുത്തിയിൽ നിന്ന് ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട അഡ്വ. മോൻസ് ജോസഫ് എംഎൽഎയാണ് നിയമസഭാ കക്ഷി നേതാവ്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ തൊടുപുഴ പുറപ്പുഴയിലെ വസതിയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. കടുത്തുരുത്തിയുടെ ജനപ്രതിനിധിയായി ദീർഘകാലമായി പ്രവർത്തിക്കുന്ന മോൻസ് ജോസഫ്, നേരത്തെ പ്രതിപക്ഷ ചീഫ് വിപ്പായും പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും മികവ് തെളിയിച്ചിട്ടുള്ള നേതാവാണ്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.

നിയമസഭാ കക്ഷിയുടെ ഡെപ്യൂട്ടി ലീഡറായി ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയെ തിരഞ്ഞെടുത്തു. തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫാണ് പാർട്ടിയുടെ പുതിയ വിപ്പ്. സെക്രട്ടറിയായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തെയും ട്രഷററായി കുട്ടനാട് എംഎൽഎ റെജി ചെറിയാനെയും യോഗം നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ പാർട്ടിയുടെ മറ്റ് എംഎൽഎമാരായ അഡ്വ. വർഗീസ് മാമൻ (തിരുവല്ല), വിനു ജോബ് (ചങ്ങനാശ്ശേരി) എന്നിവർ അഭിനന്ദിച്ചു.

യുഡിഎഫ് നേതൃത്വവുമായി പാർട്ടി നടത്തേണ്ട ഭരണപങ്കാളിത്തം ഉൾപ്പെടെയുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ചെയർമാൻ പി.ജെ. ജോസഫിനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി തൊടുപുഴയിൽ എത്തിയ പാർട്ടി എംഎൽഎമാരെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏഴ് എംഎൽഎമാരുമായി നിയമസഭയിലെത്തുന്ന കേരള കോൺഗ്രസ് വരും ദിവസങ്ങളിൽ യുഡിഎഫിലെ നിർണ്ണായക ശക്തിയായി മാറുമെന്ന സൂചനയാണ് ഈ നീക്കങ്ങൾ നൽകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *