India Mirror News

രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് എസ്ഐടി; അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ

രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് എസ്ഐടി; അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ

സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചതായും അന്വേഷണം പൂർത്തിയായതായും പ്രത്യേക അന്വേഷണസംഘം (SIT) അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അന്തിമഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ജനുവരി 30-ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. കേസിൽ ഡ്രൈവർ ഉൾപ്പെടെയുള്ള ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുകയും പ്രതിയെ ലൊക്കേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. നിലവിൽ കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കില്ലെന്നാണ് സൂചന. അതേസമയം, രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നതിനോ, നടൻ ബോബി കുര്യനും സഹസംവിധായക ശാലിനിയും അദ്ദേഹത്തെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിനോ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അന്വേഷണത്തിന് മുന്നോടിയായി ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ടെങ്കിലും ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായിട്ടില്ല. നിലവിൽ ജാമ്യത്തിലുള്ള രഞ്ജിത്ത്, വ്യവസ്ഥകളിൽ ഇളവ് തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ജില്ല വിട്ട് പുറത്തുപോകാൻ അനുമതി വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ അദ്ദേഹം കോടതിയിൽ ഉന്നയിക്കും. ഏപ്രിൽ 10-നായിരുന്നു കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. കേസിലെ തുടർനടപടികൾ കുറ്റപത്രം സമർപ്പിക്കുന്നതോടെ കൂടുതൽ വ്യക്തമാകും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *