പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉൾപ്പെടെ 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചാരണ വേളയിലുടനീളം ദൃശ്യമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അതീവ ജാഗ്രതയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആകെ സജ്ജീകരിച്ചിട്ടുള്ള 40,000 ബൂത്തുകളിൽ 12,000 എണ്ണം പ്രശ്നബാധിതമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടര ലക്ഷത്തോളം കേന്ദ്രസേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കൂടാതെ, എട്ട് ജില്ലകളിൽ എൻഐഎ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെയുള്ള 2500 ഓളം പേരെ കരുതൽ തടങ്കലിലാക്കിയതും ശ്രദ്ധേയമായി.
തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് പ്രധാനമായും ബംഗാളിൽ നടക്കുന്നത്. എങ്കിലും നിർണ്ണായക ശക്തികളാകാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും സിപിഐഎമ്മും സജീവമായി രംഗത്തുണ്ട്. തൃണമൂലിന്റെ ഉരുക്കുകോട്ടയായ ദക്ഷിണ ബംഗാളിലാണ് ഇന്ന് പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത് എന്നതാണ് ഈ ഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ തവണ ഇവിടുത്തെ ഭൂരിഭാഗം സീറ്റുകളും തൂത്തുവാരിയാണ് മമത അധികാരം നിലനിർത്തിയത്. എന്നാൽ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വൻനിരയെ ഇറക്കി ദിദീയുടെ കോട്ട തകർക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. ബംഗാൾ ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയ്ക്ക് മെയ് നാലിന് ഫലപ്രഖ്യാപനത്തോടെ വിരാമമാകും. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.



