India Mirror News

വൈദ്യുതി പ്രതിസന്ധി തീർന്നു; ഇന്ന് മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

വൈദ്യുതി പ്രതിസന്ധി തീർന്നു; ഇന്ന് മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും ഇന്ന് മുതൽ ഒരിടത്തും തടസ്സമുണ്ടാകില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാനം ആശ്വാസതീരത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ലോഡ് ഷെഡ്ഡിങ് ആയിരുന്നില്ലെന്നും അമിത ഉപയോഗം മൂലം ലൈനുകൾ ട്രിപ്പായതാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്നും മന്ത്രി വിശദീകരിച്ചു. കാലാവസ്ഥയിൽ അപ്രതീക്ഷിതമായി വന്ന മാറ്റങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വൻ വർധനവുമാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ ഇടയാക്കിയതെന്ന് പറഞ്ഞ മന്ത്രി, പ്രതിസന്ധി ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്ന് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. കടുത്ത ഉഷ്ണതരംഗവും ഗൾഫ് യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികളും മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും സർക്കാർ വേണ്ടത്ര മുൻകരുതലെടുത്തില്ലെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം വാർ‌ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നതെന്നും പല ആഭ്യന്തര ജലവൈദ്യുത പദ്ധതികളും പരിസ്ഥിതിവാദികളുടെ എതിർപ്പ് മൂലം പാതിവഴിയിൽ നിലച്ചുപോയെന്നും മന്ത്രി കുറ്റപ്പെടുത്തി. പല പദ്ധതികളും തടസ്സപ്പെടുത്തിയത് അനാവശ്യ വാദങ്ങൾ ഉന്നയിച്ചെത്തിയവരാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട പെറ്റീഷനുകളിൽ തീരുമാനമെടുക്കാൻ റെഗുലേറ്ററി കമ്മീഷൻ വൈകിയത് അന്വേഷിക്കുമെന്നും ഇക്കാര്യത്തിൽ തന്റെ വിയോജിപ്പുകൾ ഉചിതമായ വേദികളിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെയും എസികളുടെയും ഉപയോഗം വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *