പശ്ചിമേഷ്യയിൽ യുദ്ധഭീതിയും നയതന്ത്ര അനിശ്ചിതത്വവും തുടരുന്നതിനിടെ മേഖലയിലെ സമാധാനത്തിനായി തുർക്കിയും ഈജിപ്റ്റും ഗൾഫ് രാജ്യങ്ങളും ചർച്ചകൾ ഊർജിതമാക്കി. ഇറാന്റെ ആണവ സമ്പുഷ്ടീകരണവും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ചർച്ച ചെയ്യാമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇനിമേൽ ആക്രമണമുണ്ടാകില്ലെന്ന അമേരിക്കയുടെ ഔദ്യോഗിക ഉറപ്പാണ് അവർ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. ഇറാന്റെ ഈ പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവിറ്റ് അറിയിച്ചു. ഇതോടെ ആഗോളതലത്തിൽ ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.
അതേസമയം, യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഗൾഫ് മേഖല സമാധാനത്തിനായി ശ്രമിക്കുമ്പോഴും ഇറാൻ നടത്തിയ ഈ നീക്കം മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നും ഇനി പഴയ രീതിയിലുള്ള സമീപനം ഇറാന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഘട്ടത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം ഏറ്റവും മോശം അവസ്ഥയിലാണെന്നും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്കയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ഊട്ടിയുറപ്പിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇറാന്റെ ഭീഷണികളെ നേരിടാൻ ഇനി പരമ്പരാഗതമായ രാഷ്ട്രീയ ഇടപെടലുകൾ മാത്രം പോരെന്നും യുഎഇ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്ന സൂചനയും നൽകി.
ഇതിനിടെ, ഇറാന്റെ ആക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ മുൻനിർത്തി കടുത്ത നടപടികളുമായി ബഹറൈൻ രംഗത്തെത്തി. രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ 69 പേരുടെ പൗരത്വമാണ് ബഹറൈൻ ഭരണകൂടം റദ്ദാക്കിയത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള കർശനമായ താക്കീതാണ് ഈ രാജകീയ ഉത്തരവെന്നും പൗരത്വം നൽകുന്നതിനൊപ്പം തന്നെ രാജ്യത്തോടുള്ള കടമകൾ നിർവഹിക്കാത്തവർ ഇത്തരം നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.



