India Mirror News

ലോൺ ആപ്പ് ഭീഷണി: കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണി: കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു, സഹയാത്രക്കാരന്റെ ഫോണിൽ നിന്നും തന്റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിച്ചതാണ് വഴിത്തിരിവായത്. സാമ്പത്തിക പ്രതിസന്ധികൾ കാരണം താൻ ഇനി നാട്ടിലേക്കില്ലെന്ന് വിഷ്ണു അറിയിച്ചെങ്കിലും, കുടുംബത്തിന്റെ ദയനീയാവസ്ഥയും അവർ നേരിടുന്ന പ്രയാസങ്ങളും സഹോദരൻ ബോധ്യപ്പെടുത്തി. ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിഷ്ണു പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങാൻ തയ്യാറായത്. സിആർപിഎഫ് ഉദ്യോഗസ്ഥനായ വിഷ്ണുവിന്റെ അമ്മാവൻ പയ്യന്നൂരിലെത്തി ഇയാളെ കണ്ട് സംസാരിക്കുകയും വിവരങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു.

വിഷ്ണുവിനായി ബെംഗളൂരുവിലും മംഗലാപുരത്തും പോലീസ് സംഘങ്ങൾ ഊർജ്ജിതമായ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് യുവാവ് സ്വയം കുടുംബത്തെ ബന്ധപ്പെടുന്നത്. കണ്ടെത്തുമ്പോൾ വിഷ്ണു ശാരീരികമായി അതീവ അവശനായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇയാളെ ഉടൻ തന്നെ വടകര പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിഷ്ണു നാടുവിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും ലോൺ ആപ്പുകളുടെ ഭീഷണിയാണോ അതോ ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമാണോ യുവാവിനെ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *