India Mirror News

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു. ഇന്നലെ വൈകുന്നേരം മാത്രം വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് എന്ന ഉയർന്ന നിരക്കിലെത്തി. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ വലിയ തോതിലുള്ള വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക വിലയിരുത്തൽ. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നത്. ഇന്നലെ മാത്രം സംസ്ഥാനം ആകെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വരും ദിവസങ്ങളിലും ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ഉപഭോഗം ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഈ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് അനുഭവപ്പെട്ടേക്കാം. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്ന താപനില. ചൂട് താങ്ങാനാവാതെ എസി ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങളുടെ അമിത ഉപയോഗം തുടരുന്നത് വിതരണ ശൃംഖലയെ ബാധിക്കാനിടയുണ്ട്. വൈകുന്നേരത്തെ ആവശ്യകത 6000 മെഗാവാട്ടിന് മുകളിൽ പോയാൽ ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കേരളം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *