വയനാട് ദുരിതാശ്വാസ നിധിയിലേക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തമായ മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ട് വഴി മാത്രമാണ് പണം സ്വീകരിച്ചതെന്നും അക്കൗണ്ടിലൂടെ അല്ലാതെ ഒരു രൂപ പോലും പാർട്ടി പിരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.ആർ. ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് സംബന്ധിച്ച കൃത്യമായ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ വെക്കാൻ പാർട്ടി തയ്യാറാണെന്നും പിരിച്ചെടുത്ത തുകയിൽ നിന്ന് ഒരു പൈസ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ രാഷ്ട്രീയ ശൈലിയെ രൂക്ഷമായി വിമർശിച്ച ഷാഫി പറമ്പിൽ, അധികാരം നിലനിർത്താൻ ഏത് തരംതാണ അടവും പ്രയോഗിക്കുന്ന അവസ്ഥയിലാണ് ഇടതുകേന്ദ്രങ്ങളെന്ന് ആരോപിച്ചു. ‘കാഫിർ’, ‘കൗം’ തുടങ്ങിയ പ്രയോഗങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നത് ഇതിന്റെ തെളിവാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ വോട്ട് വാങ്ങാൻ പോലും സിപിഐഎമ്മിന് മടിയില്ലെന്നും ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.



