ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകി യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ സ്മരണയ്ക്കായി ദേവാലയങ്ങളിൽ ഇന്ന് വൈകുന്നേരം പ്രത്യേക തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. ഇതിനുപിന്നാലെ, യേശുവിന്റെ കുരിശുമരണത്തിന്റെ അനുസ്മരണമായി നാളെ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കും. തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി നഗരത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായിരിക്കും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകൾ സംയുക്തമായാണ് ഈ പ്രാർത്ഥനാ യാത്രയിൽ പങ്കുചേരുന്നത്.
സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന പ്രധാന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും. ദുഃഖവെള്ളിക്ക് ശേഷമുള്ള മൂന്നാം ദിനം, യേശുദേവൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായ ഈസ്റ്റർ ഞായറാഴ്ചയാണ്. വലിയ നോമ്പിലെ ഏറ്റവും വിശുദ്ധമായ ഈ ദിവസങ്ങളിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസികൾ മിശിഹായുടെ പീഡാനുഭവങ്ങളെയും ഉത്ഥാനത്തെയും വരവേൽക്കുന്നത്.



