വയനാട് പുനരധിവാസ പദ്ധതികൾ വൈകാൻ കാരണം സംസ്ഥാന സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് അഖീലന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശനം തൃക്കൈപ്പറ്റയിൽ നടക്കുന്നതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഭൂമി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ലീഗും കാത്തിരുന്നതെന്നും, എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീണ്ടുപോയതാണ് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ നിന്നുള്ള സഹായങ്ങൾ ഉൾപ്പെടെ സർക്കാർ പദ്ധതിക്കായി മാറ്റിവെച്ച കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, അവർ സർക്കാരിനെ അമിതമായി വിശ്വസിച്ചു പോയതാണ് പാളിച്ചയായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം തന്നെ ജാതിമത ഭേദമന്യേയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലീഗ് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തം 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യ ഘട്ടമായ 51 വീടുകളുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായത്. വീടുകൾക്കൊപ്പം ആവശ്യമായ ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും കുടുംബങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖ കമ്പനികളെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ചതെന്നും ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇവിടെ ടൗൺഹാൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടങ്ങുന്ന വലിയൊരു ടൗൺഷിപ്പ് തന്നെ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരുടെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചു.



