സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന് എൽഡിഎഫ് സർക്കാർ പ്രചരിപ്പിച്ചത് പെരുംനുണയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഉടൻ പിൻവലിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. സർക്കാരിലെയും വൈദ്യുതി ബോർഡിലെയും ഉന്നതർ നടത്തിയ അഴിമതിയും വഴിവിട്ട നീക്കങ്ങളുമാണ് കേരളത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4.29 രൂപയ്ക്ക് വാങ്ങാൻ ഉറപ്പാക്കിയിരുന്ന ദീർഘകാല കരാർ പിണറായി സർക്കാർ റദ്ദാക്കിയത് അഴിമതി ലക്ഷ്യമിട്ടാണെന്ന് സതീശൻ ആരോപിച്ചു. ഈ കരാർ നിലനിന്നിരുന്നെങ്കിൽ 2040 വരെ കുറഞ്ഞ നിരക്കിൽ കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്നു. കരാർ റദ്ദാക്കിയതോടെ 6 മുതൽ 12 രൂപ വരെ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരികയും ഇതിലൂടെ ബോർഡിന് ദിവസേന 15 മുതൽ 20 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ഇതിലൂടെ സ്വകാര്യ കമ്പനികൾക്ക് 2000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. ഈ ലാഭവിഹിതം ആരുടെയൊക്കെ കൈകളിലേക്കാണ് പോയതെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഈ വൻ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



