അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ പ്രിയപുത്രൻ ഇമ്മാനുവേലിന്റെ സ്മരണയെ നന്മയുടെ പ്രകാശമാക്കി മാറ്റി കടുത്തുരുത്തിയുടെ ജനനായകൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ. മകന്റെ വേർപാടിന്റെ നൊമ്പരങ്ങൾക്കിടയിലും മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് തണലേകാൻ രണ്ട് ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
സ്വന്തമായി തലചായ്ക്കാൻ ഒരിടമില്ലാത്തവർക്കും അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്ന ‘ഇമ്മാനുവൽ മെമ്മോറിയൽ പാർപ്പിട പദ്ധതി’, സാമ്പത്തിക പ്രതിസന്ധി മൂലം പഠനം വഴിമുട്ടി നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുന്ന ‘ഇമ്മാനുവൽ മെമ്മോറിയൽ എഡ്യുക്കേഷൻ പദ്ധതി’ എന്നിവയിലൂടെ നാടിന്റെ കണ്ണീരൊപ്പാനാണ് എംഎൽഎ ലക്ഷ്യമിടുന്നത്. നഴ്സിംഗ് ഉൾപ്പെടെയുള്ള ഉപരിപഠനത്തിന് സഹായം തേടുന്ന വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസ പദ്ധതി വലിയൊരു ആശ്വാസമായിരിക്കും.
പൂർണ്ണമായും സർക്കാർ സഹായമില്ലാതെ, വിദേശത്തുള്ള സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ഈ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ 30 ലക്ഷം രൂപയുടെ സഹായധനം അർഹരായവരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നുണപ്രചാരണങ്ങളെ അതിജീവിച്ച് കടുത്തുരുത്തിയിലെ ജനങ്ങൾ നൽകിയ വൻ ഭൂരിപക്ഷത്തിന് സേവനത്തിലൂടെ നന്ദി പറയുകയാണ് ഈ ജനപ്രതിനിധി. വ്യക്തിപരമായ വലിയ നഷ്ടത്തിലും പൊതുസമൂഹത്തിന് വേണ്ടി കർമ്മനിരതനാകുന്ന മോൻസ് ജോസഫ് എംഎൽഎയുടെ ഈ വലിയ മനസ്സിന് കടുത്തുരുത്തിയുടെ ആദരവും പിന്തുണയും ഏറുകയാണ്.



