കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും സമൂഹമാധ്യമങ്ങളിലേക്കും പടരുന്നതിനിടെ, വിഷയത്തിൽ നിർണ്ണായക നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. മുഖ്യമന്ത്രി ചർച്ചയിൽ തങ്ങൾ നേരിട്ട് ഇടപെടില്ലെന്നും ആർക്കും പരസ്യ പിന്തുണ നൽകില്ലെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസ് നേതാക്കൾ നടത്തുന്ന പരസ്യപ്പോരിൽ ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിലപാട് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിക്കാനാണ് ലീഗിന്റെ തീരുമാനം. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങൾ പക്ഷം പിടിക്കാനില്ലെന്ന ലീഗിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ ഫേസ്ബുക്ക് കുറിപ്പിട്ടതോടെയാണ് പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായത്. വേണുഗോപാലിനെ പിന്തുണച്ച് സന്ദീപ് വാര്യർ, രമ്യ ഹരിദാസ് തുടങ്ങിയ യുവനേതാക്കൾ രംഗത്തെത്തിയപ്പോൾ, ഇതിനെതിരെ വി.ഡി. സതീശൻ അനുകൂലികൾ സൈബർ ഇടങ്ങളിൽ കടുത്ത വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേയുള്ള ഇത്തരം ചർച്ചകൾ കോൺഗ്രസിന് നാണക്കേടാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലുള്ളത്. കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഈ പരസ്യ ചർച്ചകളിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
വിവാദം കൊഴുക്കുന്നതിനിടെ, മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ആരും അഭിപ്രായം പറയേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി. കെ. സുധാകരന് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് പറയേണ്ട വേദിയിൽ പറയാമെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനും കെ. സുധാകരനുമെതിരെ സതീശൻ അനുകൂലികളുടെ സൈബർ ആക്രമണം തുടരുന്നത് കോൺഗ്രസിനുള്ളിലെ ഐക്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.



