ആറന്മുള വള്ളസദ്യയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനെന്ന വ്യാജേന യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ യഥാർത്ഥത്തിൽ 300 രൂപ മാത്രം ഈടാക്കുന്ന സ്ഥാനത്ത് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വാങ്ങിയാണ് ഇയാൾ ഭക്തരെ വഞ്ചിക്കുന്നത്. ഓൺലൈൻ വഴി പണം നൽകിയ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും. വൻതുക നൽകി പാസുകളുമായി ക്ഷേത്രത്തിലെത്തുമ്പോൾ മാത്രമാണ് പലരും കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്.
സംഭവത്തിൽ പള്ളിയോട സേവാസംഘം മുഖേന രണ്ട് പരാതികൾ ആറന്മുള പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. പള്ളിയോട സേവാസംഘം വിതരണം ചെയ്യുന്ന സ്പെഷ്യൽ പാസുകൾ പത്ത് ദിവസം മുൻപ് തന്നെ പൂർണ്ണമായി തീർന്നിരുന്നു. ഈ വർഷം ഇനി സ്പെഷ്യൽ പാസുകൾ ലഭ്യമല്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് വ്യാജ പ്രചാരണങ്ങളിലൂടെ തട്ടിപ്പ് തുടരുന്നത്. സെപ്റ്റംബർ 16 വരെ പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ നടക്കുന്നതിനാൽ തട്ടിപ്പുകാരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.



