കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തന്നെ നിയോഗിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ച് നടൻ സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തവണ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന്റെ പ്രധാന ശില്പി വി.ഡി. സതീശനാണെന്നും അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പറയാൻ സതീശന് മാത്രമേ സാധിച്ചുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു സാമുദായിക നേതാക്കളുടെയും ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹമെന്നും സിദ്ദിഖ് പ്രശംസിച്ചു.
അധികാര വടംവലികൾക്കിടയിൽ ഗ്രൂപ്പ് കളിച്ചോ കുതികാൽ വെട്ടിയോ മറ്റൊരാൾ ആ പദവിയിലേക്ക് വന്നാൽ ജനം അത് സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് സിദ്ദിഖ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ സാധാരണക്കാരായ വോട്ടർമാരുടെ ആഗ്രഹം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കണമെന്നും ഇല്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണിതെന്ന് പറഞ്ഞ സിദ്ദിഖ്, രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കേരളത്തിലെ ജനങ്ങൾക്കാവില്ലെന്നും വി.ഡി. സതീശൻ എന്ന ജനനായകന്റെ പേര് മാത്രമേ ആ സ്ഥാനത്തേക്ക് ഉയർന്നു വരാവൂ എന്നും കൂട്ടിച്ചേർത്തു.



