മുരസു ചുഴലിക്കാറ്റ് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണം. കാറ്റിന് മണിക്കൂറിൽ നൂറ് മുതൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലും തമിഴ്നാട്ടിലും ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും, ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിൽ നിന്നും ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള 11 വിമാന സർവീസുകൾ റദ്ദാക്കി. കൂടാതെ ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.
ദുരന്തസാധ്യത മുൻനിർത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തമിഴ്നാടിന്റെ സഹായം അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന വൈദ്യുത തകരാറുകൾ പരിഹരിക്കാൻ ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളെയും ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരെ ആന്ധ്രാപ്രദേശിലേക്ക് അയക്കുമെന്ന് മന്ത്രി സി.ടി.ആർ. നിർമൽകുമാർ വ്യക്തമാക്കി. തമിഴ്നാട്ടിൽ ചെന്നൈയ്ക്കും തിരുവള്ളൂരിനും പുറമെ കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുരസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.



