സംസ്ഥാനത്ത് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. നിപ പ്രതിരോധത്തിനായി കാലാവധി കഴിഞ്ഞ റെംഡെസിവിർ ഉപയോഗിച്ചെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. 2021-ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023-ൽ അവസാനിച്ചിട്ടും 2026 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇത് ഉപയോഗിച്ചതായാണ് രേഖകളെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകളില്ലാത്തതും കാലാവധി രേഖപ്പെടുത്താത്തതുമായ മരുന്നുകൾ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമാക്കണമെന്നും മരണങ്ങൾക്ക് ഇത് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി അവസാനമായി റെംഡെസിവിർ വാങ്ങിയത് 2021 ജൂൺ മൂന്നിനാണെന്നും, അതിന്റെ കാലാവധി 2023 മേയിൽ അവസാനിച്ചിരുന്നുവെന്നും മന്ത്രി സമ്മതിച്ചു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 2023 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ റെംഡെസിവിർ ഉപയോഗിച്ചതായി രേഖകളിലുള്ളത് 2023, 2024, 2025 വർഷങ്ങളിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടാകാമെന്ന സംശയം വർദ്ധിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി. 2026-ൽ ഉപയോഗിച്ച 50 വയലുകൾ ബഹ്‌റൈനിൽ നിന്ന് എത്തിച്ചതാണെന്നും ഈ സാഹചര്യത്തിലാണ് 2023 മുതൽ നിപ ബാധിച്ച് മരിച്ചവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.



