ചേരാനല്ലൂർ വാഹനാപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തങ്ങളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കി. കേസിൽ ഇന്ന് കോടതിയിൽ ഹാജരായ ശ്രീജിത്ത് വക്കീലിന് താൻ തന്നെയാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്നും, ആരുടെയും ഭീഷണിയെ തുടർന്നല്ല ഇതെന്നും ഭദ്ര പറഞ്ഞു. അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെന്നും, മറ്റൊരു വക്കാലത്ത് വന്ന വിവരം തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കേസിലെ പതിനേഴുകാരനായ പ്രതിയുടെ പിതാവായ അഡീഷണൽ ജഡ്ജിയോ പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലുമോ തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനമൊഴിഞ്ഞ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. സ്ഥലംമാറ്റത്തിൽ സങ്കടമില്ലെന്നും ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിൽ സ്ഥലംമാറ്റം സ്വാഭാവികമാണെന്നും മറ്റൊരു വേദി കിട്ടാത്തതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു.



