India Mirror News

ചേരാനല്ലൂർ വാഹനാപകടം: കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരാനല്ലൂർ വാഹനാപകടം: കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പോലീസ് വീഴ്ചയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനമായി. ആർ. നിശാന്തിനിയാകും പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇതിനു പുറമെ പി. പ്രകാശിനെ ദക്ഷിണ മേഖല ഐ.ജി (South Zone IG) ആയി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ചേരാനല്ലൂരിൽ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമ്മതിക്കുകയും സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതലത്തിലും അഴിച്ചുപണി നടക്കുന്നത്.

അപകടമുണ്ടാക്കിയ ആൾക്ക് സംഭവം നടന്ന ദിവസം തന്നെ ജാമ്യം ലഭിച്ചതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് സ്റ്റേഷൻ തല ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതിൽ പോലീസുകാർക്കിടയിൽ തന്നെ അമർഷം പുകഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും മേലുദ്യോഗസ്ഥരെ അറിയിച്ചാണ് ചെയ്തതെന്നും മേൽനോട്ട വീഴ്ച വരുത്തിയ ഉന്നതർക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ലെന്നുമായിരുന്നു അവരുടെ അതൃപ്തി. സ്റ്റേഷൻ ഉദ്യോഗസ്ഥരിൽ ഒതുങ്ങാതെ അന്വേഷണ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി വേണമെന്ന ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് കമ്മീഷണർ തലത്തിലടക്കം പുതിയ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *