കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ അറിയിച്ചു. കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ ഇടപെടലോ ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എണ്ണൂറോളം സ്പാകളിൽ അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും പരാതികൾ കൃത്യമായി പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. പതിനാറുകാരിയെ തമിഴ്‌നാട്ടിലെ ഗുഡുവാഞ്ചേരിയിലുള്ള സ്പായിലും എത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവിടെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻപ് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ കൈമാറിയതിനെ തുടർന്ന്, പെൺകുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി ഗുഡുവാഞ്ചേരി പൊലീസ് സി.ഡബ്ല്യു.സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. നിലവിൽ റിമാൻഡിലുള്ള സ്പാ ഉടമയും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളിലൂടെ വലിയ തുക എത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പണത്തിന്റെ ഉറവിടവും സ്പാ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനുപുറമേ, സ്പായിലെത്തി അതിക്രമം നടത്തിയെന്ന് സംശയിക്കുന്ന ഇടപാടുകാരെ കണ്ടെത്തുന്നതിനായി അവരുടെ ഗൂഗിൾ പേ വിവരങ്ങളും ഫോൺ നമ്പറുകളും സി.സി.ടി.വി ദൃശ്യങ്ങളും സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രണ്ടാഴ്ചത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് നീക്കം. ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ പോക്സോ ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.



