മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകൾ നിർമ്മിച്ച് ശ്രദ്ധ നേടിയ കേരളത്തിലെ പ്രമുഖ സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ് ഐ.എസ്.ആർ.ഒയുമായി നിർണായക കരാർ ഒപ്പിട്ടു. ഐ.എസ്.ആർ.ഒയുടെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നാണ് കമ്പനി റോബോട്ടിക്സ് വികസന കരാർ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പായി മാറിയ ജെൻറോബോട്ടിക്സ്, ഉപഗ്രഹങ്ങളിലെ റിഫ്ലക്ടറുകൾ വിന്യസിക്കാനും അവയുടെ ദിശ കൃത്യമായി ക്രമീകരിക്കാനുമുള്ള അത്യാധുനിക റോബോട്ടിക് സംവിധാനമാണ് പുതിയതായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. ഭൂമിക്കടിയിലെ ദുർഘടമായ സാഹചര്യങ്ങളിൽ നിന്നും ബഹിരാകാശത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള കമ്പനിയുടെ ഈ ചുവടുവയ്പ്പ് കേരളത്തിന്റെ സാങ്കേതിക രംഗത്തെ ചരിത്രനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഉപഗ്രഹങ്ങളിലെ ആശയവിനിമയ റിഫ്ലക്ടറുകളുടെയും പേലോഡ് ഉപകരണങ്ങളുടെയും സ്ഥാനവും ദിശയും മൈക്രോൺ തലത്തിലുള്ള കൃത്യതയോടെ ക്രമീകരിക്കാൻ കഴിയുന്ന ആർട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനമാണ് വികസിപ്പിക്കുന്നത്. ഇതിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർണ്ണമായും തദ്ദേശീയമായിട്ടായിരിക്കും. വിക്ഷേപണ വേളയിലെ കടുത്ത സമ്മർദ്ദത്തെയും ഭ്രമണപഥത്തിലെ തെർമോ-വാക്വം, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള മൾട്ടി-ലിങ്ക് ബൂം ആം സംവിധാനമാണ് സ്പേസ് ആൻഡ് അഡ്വാൻസ്ഡ് റോബോട്ടിക്സ് വിഭാഗം തയ്യാറാക്കുന്നത്. മാൻഹോളുകളിലെ അപകടകരമായ ശുചീകരണ ജോലികൾ ഒഴിവാക്കാനായി 2017-ൽ ‘ബാൻഡിക്കൂട്ട്’ റോബോട്ട് നിർമ്മിച്ചാണ് ജെൻറോബോട്ടിക്സ് രംഗപ്രവേശം ചെയ്തത്. വിഷവാതകങ്ങളും ഇടുങ്ങിയ അന്തരീക്ഷവും നേരിടാൻ ഉപയോഗിച്ച സാങ്കേതിക മികവും ഫിസിക്കൽ എഐ രംഗത്തെ പരിചയവുമാണ് ഇപ്പോൾ ബഹിരാകാശ റോബോട്ടിക്സിലേക്കുള്ള വഴി തുറന്നത്.
ശുചീകരണ റോബോട്ടുകളിൽ തുടങ്ങി പിന്നീട് ആരോഗ്യ രംഗത്തിനായി ‘ജി-ഗെയ്റ്റർ’ സംവിധാനവും, ഭാരമേറിയ ജോലികൾക്കായി ‘ജെൻബോട്ട്’ സംവിധാനവും കമ്പനി വികസിപ്പിച്ചിരുന്നു. പ്രതിരോധം, എണ്ണ-വാതകം തുടങ്ങിയ വിവിധ മേഖലകളിലും സാങ്കേതികവിദ്യ വ്യാപിപ്പിച്ച കമ്പനി, പുതിയ ബഹിരാകാശ ദൗത്യങ്ങൾക്കായി തിരുവനന്തപുരം തുമ്പ കിൻഫ്രയിൽ ആധുനിക റിസർച്ച് സെന്ററും സ്ഥാപിച്ചിട്ടുണ്ട്. യു.എ.ഇ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനി ദക്ഷിണാഫ്രിക്കൻ പ്രതിരോധ ഏജൻസിയുമായും ദുബായ് സ്പേസ് ഏജൻസിയുമായും സഹകരണ ചർച്ചകൾ നടത്തിവരികയാണ്. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനായി ദുഷ്കരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ വികസിപ്പിച്ച മുൻകാല അനുഭവങ്ങൾ ബഹിരാകാശ ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്ക് സ്വാഭാവികമായ മാറ്റമുണ്ടാക്കിയെന്ന് സി.ഇ.ഒ എം.കെ. വിമൽ ഗോവിന്ദും സി.ടി.ഒ പി. ജലീഷും വ്യക്തമാക്കി. ഈ കരാറിലൂടെ കേരളത്തിന് വാണിജ്യ ബഹിരാകാശ മേഖലയിൽ പുതിയ ഉയരങ്ങൾ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



