ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെ മലയാളി വിദ്യാർഥിനി ആതിര വിജയന് മർദ്ദനമേറ്റ സംഭവത്തിൽ കേരള പൊലീസ് കേസെടുത്തു. ആതിര സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് കേസിലെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ എഫ്.ഐ.ആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ഡൽഹി കൊണാട്ട് പ്ലേസിൽ വെച്ചാണ് അതിക്രമം നടന്നതെങ്കിലും പരാതിക്കാരിയുടെ സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിൽ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനിടെ പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. വനിതാ പൊലീസുകാർ ഇല്ലാത്തത് ചോദ്യം ചെയ്തതോടെ മൂന്ന് വനിതാ പൊലീസുകാർ റോഡിലൂടെ വലിച്ചിഴയ്ക്കുകയും തുടർന്ന് സി.സി.ടി.വി ക്യാമറകളില്ലാത്ത സ്റ്റേഷനിലെ ബേസ്മെന്റിലെ ഇടിമുറിയിലെത്തിച്ച് മുഖത്തടിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്നാണ് ആതിരയുടെ ആരോപണം. ആക്രമണത്തിൽ വലത് ചെവിയുടെ കേൾവിശക്തി താൽക്കാലികമായി നഷ്ടപ്പെടുകയും ചുണ്ട് പൊട്ടി ചോര വരികയും ചെയ്തതിനെ തുടർന്ന് ആതിര ഡൽഹിയിലെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.



