ജർമ്മനിയിലെ കൊളോണിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പതിനാറുകാരനും ഇയാളുടെ പത്തൊൻപതുകാരനായ സഹോദരനും പിടിയിലായി. കൊളോണിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപം ശനിയാഴ്ച അർധരാത്രിയോടെയാണ് അതിക്രമം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് നാലടി ഉയരമുള്ള റോബോട്ട് എത്തുകയും, പെൺകുട്ടിയെ പിടിച്ചുവലിക്കുകയും ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയുമായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും ഇതിനിടയിൽ ഇരുവരും ചേർന്ന് പരിഹാസരൂപേണ കമന്റുകൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
മാർവൽ സൂപ്പർഹീറോയായ അയൺ മാന്റെ മാതൃകയിൽ ചുവപ്പും സ്വർണ്ണനിറവും ഇടകലർന്ന് നിർമ്മിച്ചിരിക്കുന്ന റോബോട്ടിന്റെ നീക്കങ്ങളിൽ ഭയന്ന പെൺകുട്ടി നിലവിളിച്ച് പിന്നിലേക്ക് മാറുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിൽ, പ്രതികളുടെ ഉടമസ്ഥതയിലുള്ള ഫോക്‌സ്‌വാഗൺ കാറിന്റെ ഡിക്കിയിൽ നിന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും റോബോട്ടിനെ കണ്ടെടുത്തു. റോബോട്ടും പ്രതികളുടെ ഫോണുകളും കസ്റ്റഡിയിലെടുത്ത പോലീസ്, സംഭവസമയത്ത് റോബോട്ടിനെ നിയന്ത്രിച്ചിരുന്നത് ആരാണെന്ന കാര്യമടക്കം വിശദമായി അന്വേഷിച്ചു വരികയാണ്.



