നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. ശതകോടീശ്വരനായ വ്യവസായി മകനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ വൻ സ്വാധീനം ഉപയോഗിക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആശങ്ക. പ്രതിയെ യാതൊരു കാരണവശാലും ജുവനൈൽ ഹോമിലേക്ക് അയക്കരുതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൂടാതെ, മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയതിന് ശേഷവും വീണ്ടും രക്തസാംപിൾ ശേഖരിച്ച നടപടിയിൽ കടുത്ത ദുരൂഹതയുണ്ടെന്നും നീതി ലഭിക്കുമോ എന്ന് ഭയമുണ്ടെന്നും ഗോപികയുടെ പിതാവ് വെളിപ്പെടുത്തി. തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോപികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സാധാരണ കുടുംബത്തിൽ നിന്നുള്ള ഗോപിക മരണശേഷവും കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയാകുകയാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെയുള്ളവർ മകളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണെന്ന് അവർ ആരോപിച്ചു. ആലപ്പുഴക്കാരായ മന്ത്രിമാർ അവിടെയുള്ള കോടീശ്വരന്റെ സ്വാധീനത്തിന് വഴങ്ങരുതെന്നും കുടുംബം അപേക്ഷിച്ചു. പാലക്കാട് കരിമ്പയിൽ ഓട്ടോറിക്ഷ തൊഴിലാളിയായ പ്രദീപിന്റെയും റബ്ബർ ഷീറ്റ് കടയിൽ ജോലി ചെയ്യുന്ന സജിതയുടെയും മകളായ ഗോപിക, എറണാകുളത്ത് പാർട്ട് ടൈം ജോലി ചെയ്ത് പഠിച്ചുകൊണ്ട് കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു.



