പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് തീരുമാനമാകാതെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് സി.പി.ഐ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ യോഗത്തിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം നിരസിച്ച കാര്യം രേഖാമൂലം അറിയിക്കാൻ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. നിയമസഭാ കക്ഷി നേതാവ് കെ. രാജനോടാണ് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിരുന്നതെങ്കിലും പാർട്ടിയിൽ ആലോചിക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. മുന്നണിയിലെ തർക്കം കാരണം ഇതുവരെ സംയുക്ത പാർലമെന്ററി പാർട്ടി യോഗം ചേരാൻ സാധിച്ചിട്ടില്ല.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി ഇനി മുന്നണി നേതൃത്വത്തിന് മുന്നിൽ അപേക്ഷയുമായി പോകേണ്ടതില്ലെന്നാണ് സി.പി.ഐയുടെ തീരുമാനം. സി.പി.ഐ.എം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ചയാവാം എന്ന നിലപാടിലാണ് പാർട്ടി. ആവശ്യം വീണ്ടും ഉന്നയിച്ച് അഭിമാനക്ഷതമുണ്ടാക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ നിലപാടിലേക്ക് എത്തിയത്. അവസരം ലഭിച്ചാൽ മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സഭയ്ക്കുള്ളിലെ മുന്നണിയുടെ പൊതുവായ ഇടപെടലുകളുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം.



