ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തി കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായി അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് വെളിപ്പെടുത്തി. വിമാനത്തിലെ പൈലറ്റുകളുമായി ബന്ധപ്പെടാൻ ഇസ്രയേൽ വ്യോമസേന ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. 182 യാത്രികരിൽ 150 പേരും ഇസ്രയേലികളായതിനാൽ, ഇസ്രയേലികളെ ബന്ദികളാക്കിയുള്ള വിലപേശൽ സാധ്യത തടയാനായിരുന്നു വിമാനം വെടിവെച്ചിടാൻ ഇസ്രയേൽ ഒരുങ്ങിയത്. ടെൽ അവീവ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കാനായിരുന്നു ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ നീക്കമെന്ന് റിപ്പോർട്ടുകളിലുണ്ട്. കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിച്ച ഹമാം, ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റ് ബിരുദം നേടിയയാളാണ്. മുൻപ് ഒമാൻ എയറിൽ ജോലി ചെയ്യവെ ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെത്തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് ഇയാളെ മാറ്റിനിർത്തിയിരുന്നു. എട്ട് മാസം മുൻപാണ് ഇയാൾ ഫ്ലൈ ദുബായിൽ ചേർന്നത്.
ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച വീഡിയോ പോസ്റ്റിൽ ഇസ്രായേലി എയർലൈനുകളായ ‘എൽ അൽ’, ‘അർകിയ’ എന്നിവ കാണിക്കുകയും അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി, ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവി എന്നിവരുടെ ചിത്രങ്ങളോടെ അത് അവസാനിക്കുകയും ചെയ്തു. രണ്ടാമത്തെ പോസ്റ്റിൽ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ.ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമാണ് ഉണ്ടായിരുന്നത്. ഇയാളുടെ പഴയ അക്കൗണ്ടുകൾ വിശകലനം ചെയ്തതിൽ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.



