മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി) റിപ്പോർട്ട് തേടി. പൊലീസിന്റെ പ്രതിരോധ നടപടികൾ തടയുന്നതിനായി കുട്ടികളെ തന്ത്രപരമായി മുന്നിൽ നിർത്തിയെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപടൽ. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും കൃത്രിമത്വവും ആരോപിച്ച് മുംബൈയിലെ ശിവാജി പാർക്കിലും ആസാദ് പാർക്കിലും സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന സമരം വലിയ ജനരോഷത്തിനാണ് വഴിവെച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് ദാദർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.
അതേസമയം, ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാനാണ് സംഘടനയുടെ തീരുമാനം. മുംബൈയിൽ തുടക്കമിട്ട ഈ പ്രതിഷേധ സമരം വരും ദിവസങ്ങളിൽ കൊൽക്കത്ത, ഗോവ, ബെംഗളൂരു, റാഞ്ചി തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങണമെന്ന് സമര നേതാക്കൾ ആഹ്വാനം ചെയ്തു.



