India Mirror News

അനധികൃത മദ്യശേഖര കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി കോടതി തള്ളി

അനധികൃത മദ്യശേഖര കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി കോടതി തള്ളി

വയനാട്ടിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെത്തി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അബ്കാരി ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട്ടിലെ വീടിന്റെ ഒന്നാംനിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് ഈ മദ്യശേഖരമെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി അഞ്ചു മണിക്കൂറോളം എക്സൈസ് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. വലിയ തോതിൽ മദ്യം കണ്ടെടുത്തതിനാൽ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ, മദ്യം പിടിച്ചെടുത്ത വീട് ആന്റോയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും ജപ്തി ചെയ്ത വീട് മറ്റൊരു സ്ത്രീയാണ് വാങ്ങിയതെന്നും പ്രതിഭാഗം കോടതിയിൽ അവകാശപ്പെട്ടു. പക്ഷേ, കെട്ടിടം ആന്റോയുടെ പേരിൽ തന്നെയുള്ളതാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കുകയും വാദങ്ങൾ അംഗീകരിക്കുകയും ചെയ്തതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *