വലിയ ബാറ്ററിയും ഉയർന്ന ഇലക്ട്രിക് റേഞ്ചുമായി വോൾവോ തങ്ങളുടെ ജനപ്രിയ മോഡലുകളായ എക്‌സ്‌സി60, എക്‌സ്‌സി90 എന്നിവയുടെ പുതുക്കിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മുൻ മോഡലുകളിലുണ്ടായിരുന്ന 19കിലോവാട്ട്‌അവർ ബാറ്ററിക്ക് പകരം 41.2കിലോവാട്ട്‌അവർ (37.9കിലോവാട്ട്‌അവർ ഉപയോഗയോഗ്യം) ശേഷിയുള്ള വലിയ ബാറ്ററിയാണ് ഇരു മോഡലുകളിലും നൽകിയിരിക്കുന്നത്. ബാറ്ററി ശേഷി ഇരട്ടിയിലധികമായി വർദ്ധിച്ചതോടെ പെട്രോൾ എൻജിന്റെ സഹായമില്ലാതെ തന്നെ ദീർഘദൂരം സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. ഒറ്റ ചാർജിൽ എക്‌സ്‌സി60 മോഡലിന് 200 കിലോമീറ്റർ വരെയും എക്‌സ്‌സി90 മോഡലിന് 162 കിലോമീറ്റർ വരെയും ഇലക്ട്രിക് റേഞ്ച് ലഭിക്കും. പഴയ പതിപ്പുകളെ അപേക്ഷിച്ച് റേഞ്ചിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് എസ്‌യുവികളിലും 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേരുന്ന ഓൾ-വീൽ ഡ്രൈവ് സംവിധാനമാണ് ഉള്ളത്. എക്‌സ്‌സി60 മോഡൽ 461 ബിഎച്ച്പി കരുത്തും 759 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ, എക്‌സ്‌സി90 മോഡൽ 461 ബിഎച്ച്പി കരുത്തും 751 എൻഎം ടോർക്കും നൽകുന്നു. എക്‌സ്‌സി60-ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 4.8 സെക്കൻഡും എക്‌സ്‌സി90-ന് 5.2 സെക്കൻഡും മതിയാകും. പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ നിലവിൽ ആഗോള വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായ എക്‌സ്‌സി60 (എക്സ്-ഷോറൂം വില ₹70.90 ലക്ഷം മുതൽ), എക്‌സ്‌സി90 (എക്സ്-ഷോറൂം വില ₹98.80 ലക്ഷം മുതൽ) മോഡലുകളിൽ 250 ബിഎച്ച്പി കരുത്ത് നൽകുന്ന 48വി മൈൽഡ്-ഹൈബ്രിഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്.



