കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മഴ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടായത്. ഇത്തവണത്തെ കാലവർഷക്കണക്കുകൾ സംസ്ഥാനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അവസാന നാളുകളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കഠിനമായ ചൂടാണ് നാടെങ്ങും അനുഭവപ്പെടുന്നത്. സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചത്തെ മാത്രം കണക്കെടുത്താൽ മഴ ലഭ്യതയിൽ 95 ശതമാനത്തിന്റെ കൂറ്റൻ കുറവാണുണ്ടായിരിക്കുന്നത്. മഴ തകർത്തു പെയ്യേണ്ട ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ തീർത്തും ദുർബലമായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ സാധ്യതകളും സംസ്ഥാനത്തിന് പ്രയോജനപ്പെട്ടില്ല.
വരാനിരിക്കുന്ന തുലാവർഷത്തിലും കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. എൽ നിനോ പ്രതിഭാസമാണ് ഈ മഴക്കമ്മിക്ക് പ്രധാന കാരണം. ഇടവപ്പാതിയും തുലാവർഷവും ഒരുപോലെ കൈവിട്ടാൽ വലിയ രീതിയിലുള്ള വരൾച്ചയായിരിക്കും സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഇത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും കാർഷിക മേഖലയിലെ തകർച്ചയ്ക്കും വഴിതെളിക്കും. എന്നാൽ, നിലവിൽ ഉഷ്ണതരംഗ സാഹചര്യത്തിലേക്കോ അതിലും കാഠിന്യമേറിയ ചൂടിലേക്കോ സംസ്ഥാനം കടക്കില്ലെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.



