India Mirror News

ഇ.ഡി റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ തിരക്കഥ; സി.പി.ഐ.എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് ഇ.പി. ജയരാജൻ

ഇ.ഡി റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ തിരക്കഥ; സി.പി.ഐ.എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് ഇ.പി. ജയരാജൻ

ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യം മുൻനിർത്തിയുള്ള ഇ.ഡി റെയ്ഡുകൾ ഇടതുപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. പ്രതികൾ ആരാണെന്ന് മുൻകൂട്ടി നിശ്ചയിച്ച് തിരക്കഥയുണ്ടാക്കിയാണ് ഏജൻസി അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡിയുടേത് കേവലം അന്വേഷണമല്ല, മറിച്ച് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ ആക്രമണമാണെന്നും ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ അവർ വെറുതെ വിട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സി.പി.ഐ.എമ്മിനെ തകർത്ത് ആർ.എസ്.എസിന് കടന്നുകയറാനുള്ള വഴി തുറക്കാനാണ് ശ്രമം നടക്കുന്നതെന്നും, അതിന് അനുയോജ്യമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇ.ഡി തനിയെ ഉണ്ടാക്കിയെടുത്ത തെളിവുകൾ അല്ലാതെ മറ്റെന്താണ് ഈ കേസിലുള്ളതെന്ന് ചോദ്യം ചെയ്ത ഇ.പി. ജയരാജൻ, ആരെങ്കിലും ചോദ്യം ചെയ്യലിൽ എഴുതി നൽകുന്നത് തെളിവായി കരുതാനാകില്ലെന്നും കൂട്ടിച്ചേർത്തു. പാർട്ടിക്ക് കേസന്വേഷണത്തെ ഭയമില്ലെന്നും എന്നാൽ ഇ.ഡി സ്വീകരിക്കുന്ന തെറ്റായ രീതികളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ പാർട്ടി നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്തതായും കണ്ടെത്തിയ കാര്യങ്ങൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം ഇന്നത്തെ രീതിയിൽ നിലനിൽക്കില്ലെന്നും, നാടിനെ ഈ നിലയിൽ വളർത്തിയ പാർട്ടിയെ ശക്തിപ്പെടുത്താൻ അംഗങ്ങളെയും ബഹുജനങ്ങളെയും അണിനിരത്തി സജീവമായി മുന്നോട്ടുപോകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *