സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, 2014-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷയാണ് സർക്കാർ കോടതിയിൽ നൽകിയത്. കരാർ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായെന്നും, ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.
കരാറുകൾ അന്തിമമാക്കുന്നതിന് മുൻപ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നതും ലേല നടപടികളിലെ പിഴവുകളും ചൂണ്ടിക്കാട്ടി 2023 മേയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കൈക്കൊണ്ട ഈ നടപടി മൂലം കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട ഗതികേടുമുണ്ടായതായി നേരത്തെ തന്നെ വ്യാപക വിമർശനമുയർന്നിരുന്നു. ജാബുവ പവർ ലിമിറ്റഡിൽനിന്ന് യൂണിറ്റിന് 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും, ജാബുവ-ജിൻഡൽ പവർ ലിമിറ്റഡ് കമ്പനികളിൽനിന്ന് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും വൈദ്യുതി ലഭ്യമാക്കിയിരുന്ന ദീർഘകാല കരാറുകളാണ് അന്ന് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നത്.



