India Mirror News

സെക്രട്ടേറിയറ്റിൽ നിന്ന് മാറിയത് സ്വന്തം തീരുമാനപ്രകാരം; പാർട്ടിക്കും ഭരിക്കും തെറ്റ് പറ്റിയെന്ന് തുറന്നുപറഞ്ഞ് തോമസ് ഐസക്

സെക്രട്ടേറിയറ്റിൽ നിന്ന് മാറിയത് സ്വന്തം തീരുമാനപ്രകാരം; പാർട്ടിക്കും ഭരിക്കും തെറ്റ് പറ്റിയെന്ന് തുറന്നുപറഞ്ഞ് തോമസ് ഐസക്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം താൻ സ്വയം എടുത്തതാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി അംഗമെന്ന പദവി സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളിലാണെന്നും താൻ മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് കടന്നുവരാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മാറാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഔപചാരികമായ ഒരു ഏകസ്വരമല്ല കണ്ടതെന്നും, അതിവളരെ ഫലപ്രദമായ സമ്മേളനമായിരുന്നുവെന്നും തോമസ് ഐസക് വിലയിരുത്തി. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തിൽ കുറവ് വന്നിട്ടുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ബഹുജന സംഘടനകൾ നിർജീവമായെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, ഭരണത്തിലൂടെ മാത്രം ജനസ്വാധീനം നേടാനാകില്ലെന്നും ഓർമ്മിപ്പിച്ചു. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേൽ എപ്പോഴും കൃത്യമായ പിടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന് ചർച്ചകളിൽ അർത്ഥമില്ലെന്നും പാർട്ടി അംഗീകരിച്ച രണ്ട് രേഖകളിലും പാർട്ടിക്ക് തെറ്റുപറ്റി എന്നാണ് വ്യക്തമാക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകിയ പാർട്ടി അനുഭാവികൾ തെറ്റു തിരുത്തി തിരികെ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വ്യക്തിപരമായ എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് അറിയില്ലെന്നും, എന്നാൽ ഇനി മുതൽ കൂടുതൽ സംഘടനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് മാറ്റിനിർത്തി നടപടിയെടുത്തത് വി.എസിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ലെന്നും, അത്തരം അച്ചടക്കവും നിയന്ത്രണവും പാർട്ടിയിൽ ഇന്നുമുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. പ്രസ്തുത ശൈലി കൈവിട്ടാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *