തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിയും പ്രാദേശികമായി മത്സ്യക്കച്ചവടം നടത്തിവരികയുമായിരുന്ന മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
ഇന്ന് രാവിലെയുണ്ടായ വഴക്കിനൊടുവിലാണ് ഷിബിൻ മെഴ്സിയുടെ കഴുത്തറുത്തത്. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ, താൻ അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കഠിനംകുളം പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവസ്ഥലത്തെത്തിയ പോലീസ് ജീവൻ ശേഷിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ മെഴ്സിയെ ആംബുലൻസിൽ ഉടനടി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



