തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പ്രതി സനീഷ് രൂപീകരിച്ച ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പ് നാല് മാസമായി പ്രവർത്തിച്ചുവരികയാണെന്ന് കണ്ടെത്തൽ. നിരവധി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ള ഈ ഗ്രൂപ്പിൽ 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഐഡന്റിറ്റി മറച്ചുവെച്ച് ഇടപെട്ടിരുന്ന അംഗങ്ങളിൽ നിന്ന് 250 രൂപ വീതം ഈടാക്കിയാണ് ഗ്രൂപ്പിലേക്ക് പ്രവേശനം നൽകിയിരുന്നത്. പെൺകുട്ടികളുടെ സാധാരണ ചിത്രങ്ങൾ ആദ്യം അയച്ചുനൽകിയ ശേഷം ഇവരുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെടുന്നവർക്കാണ് ഗ്രൂപ്പിലേക്ക് പ്രവേശനം നൽകിയിരുന്നത്. ഗ്രൂപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ശ്രീഹരിയുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇയാളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതിയായ സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ അപേക്ഷ നൽകും. കേസിൽ നിലവിൽ രണ്ടുപേർ അറസ്റ്റിലായപ്പോൾ മൂന്നിലധികം പേർ പോലീസ് നിരീക്ഷണത്തിലാണ്. തൃക്കാക്കര എ.സി.പി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് കേസിലെ തുടരന്വേഷണം പുരോഗമിക്കുന്നത്.



