കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. മുൻപ് നടത്തിയ പ്രസ്താവന ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും ക്രോസ് ഷെയർ സാങ്കേതികത്വം മൂലമാണ് വീഡിയോ മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ കാന്തപുരം വിഭാഗം നേതാക്കൾ നടത്തിയത് മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ച സന്ദർശനമാണെന്നും അത് അനുനയ ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വന്ന വിമർശനങ്ങളെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, പൊതുസമൂഹം കാര്യങ്ങൾ ശരിയായി വിലയിരുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ചിറയിൻകീഴിലെ പാർട്ടി കയ്യാങ്കളിയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വിഷയം കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാനുള്ള ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് നേതാക്കളുടെ പേരുകൾ ഡയറിയിൽ വന്നത് സാധാരണ പാർട്ടി സംഭാവനകളുമായി ബന്ധപ്പെട്ടാണെങ്കിൽ, പിണറായി വിജയന്റെ കേസിൽ അതിലും ഗൗരവകരമായ കണ്ടെത്തലുകൾ ഇ.ഡിയുടെ കത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പറഞ്ഞ സതീശൻ, നിലവിലെ സംഭവവികാസങ്ങളിൽ സി.പി.ഐ.എം വലിയ പ്രതിസന്ധിയിലാണെന്നും പരിഹസിച്ചു.



