India Mirror News

മാസപ്പടി കേസിൽ ഇ.ഡി കത്ത് നിയമപരമായി പരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

മാസപ്പടി കേസിൽ ഇ.ഡി കത്ത് നിയമപരമായി പരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം നേതാവ് പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ അനുമതി തേടി ഇ.ഡി നൽകിയ കത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാറുണ്ടെങ്കിലും ഈ കേസിന് വ്യത്യസ്തമായ തലങ്ങളുണ്ടെന്നും വിഷയത്തിൽ സി.പി.ഐ.എം വലിയ പ്രതിരോധത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ലീഗൽ സ്ക്രൂട്ടിനിയിൽ ആയതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര ഏജൻസിയുടെ കത്തിന്റെ ഗൗരവം പരിഗണിച്ച് സർക്കാരിന്റെ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. മുൻപ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അന്വേഷണ ഏജൻസികളോട് പൂർണ്ണമായി സഹകരിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എം ശ്രീ പദ്ധതി വിഷയം ചർച്ചയായില്ലെന്ന് വി.ഡി. സതീശൻ വിശദീകരിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, പി.എം ശ്രീ സംബന്ധിച്ച കാര്യങ്ങൾ എ.ഐ.സി.സിയോ കെ.പി.സി.സിയോ തീരുമാനിച്ച ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ പരാമർശത്തിൽ താൻ എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രസ്താവന സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തെന്ന പ്രചരണം തെറ്റാണെന്നും കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ച കൂടിക്കാഴ്ചയുടെ ഭാഗമായാണ് കാന്തപുരം വിഭാഗം നേതാക്കൾ അടുത്തിടെ തന്നെ സന്ദർശിച്ചതെന്നും അദ്ദേഹം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *