തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്.ഐ സി.എം. മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവർക്കെതിരെയാണ് നടപടി. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന ഗുരുതരമായ വീഴ്ചയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. തൃശൂർ ഡി.ഐ.ജി ടി. നാരായണനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ജൂലൈ 19-നായിരുന്നു നടപടിക്കടിസ്ഥാനമായ സംഭവം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പോലീസ് സംഘം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്തുടരുന്നതിനിടയിൽ പോലീസ് ജീപ്പ് തട്ടി ബൈക്ക് യാത്രക്കാരനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേൽക്കുകയും ബൈക്കിൽ നിന്ന് റോഡിലേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാൽ അപകടത്തിൽ പരിക്കേറ്റ അഭിഷേകിനെ ഉടനടി ആശുപത്രിയിലെത്തിക്കാൻ വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ലംഘനവും ഉത്തരവാദിത്തമില്ലായ്മയും അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ഡി.ഐ.ജി അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.



