തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കൂ എന്നും, തമിഴക വെട്രി കഴകം (ടിവികെ) നിലപാട് തിരുത്തിയില്ലെങ്കിൽ സർക്കാരിലുള്ള കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാർ ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മുതിർന്ന ടിവികെ നേതാക്കളും ഇത് ഏറ്റുപിടിച്ചിരുന്നു. തുടർന്ന് തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളിൽ വിജയ്യെ 2029-ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചിത്രീകരിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
അടുത്തിടെ പുറത്തുവന്ന മാധ്യമ സർവേയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ ഒൻപത് ശതമാനം പിന്തുണയോടെ ജോസഫ് വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആനയെയും സിംഹത്തെയും തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവേയുമായി വന്നിരിക്കുകയാണെന്ന് സർവേയെ പരിഹസിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഒഴികെ മറ്റാരെയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി രാജേഷ് കുമാർ രാജ ഭീഷണിയും മുഴക്കി. എന്നാൽ, അറുപത് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിച്ചത് വിജയ് കാരണം മാത്രമാണെന്ന് ഓർമ്മിപ്പിച്ച് ടിവികെയും തിരിച്ചടിച്ചു.



