India Mirror News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. സെപ്റ്റംബർ ഏഴിന് കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും അന്നേ ദിവസം പ്രതികൾ നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ഓൺലൈൻ വഴിയും ഹാജരാകണമെന്നാണ് നിർദ്ദേശം.

നേരത്തെ ഹൈക്കോടതിയിൽ നിന്നും സമാനമായ തിരിച്ചടി ലഭിച്ചതിന് ശേഷമാണ് പ്രതികൾ ഈ ആവശ്യവുമായി വിചാരണക്കോടതിയെ സമീപിച്ചത്. മരംമുറിയുമായി ബന്ധപ്പെട്ട പ്രധാന കേസ് ബത്തേരി കോടതിയിൽ നിലനിൽക്കുന്നതിനാൽ വഞ്ചനാക്കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇരു കേസുകളും രണ്ടായി കാണണമെന്നും, വയനാട് മുട്ടിൽ നിന്ന് കടത്തിയ തടി വിൽപ്പന നടത്തുന്നതിന്റെ പേരിൽ കരിമുകൾ സ്വദേശി അലിയാറിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ വിചാരണ തുടരുന്നതിന് തടസ്സമില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു. ഇതിനു മുൻപും കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്നതടക്കമുള്ള ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *