അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകമാണെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. തൃശൂർ സ്വദേശി അഞ്ജന, തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനിലയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മരണപ്പെട്ട അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്ന അഞ്ജന, സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭർത്താവ് വിജീഷിനും ഏഴ് വയസ്സുള്ള മകൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട അഞ്ജനയും ആൻ മേരിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും എന്നാൽ കസ്റ്റഡിയിലുള്ള അനിലയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നോർക്ക അധികൃതർ ബന്ധുക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.



