മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനം. ജി.ഡി ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥനും ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോൾ നോക്കിനിന്ന പോലീസുകാരും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഈ നടപടി. മുൻകൂട്ടി സ്റ്റേഷൻ ചുമതല ഒഴിയാൻ തീരുമാനിച്ചിരുന്ന എസ്.എച്ച്.ഒ പ്രശാന്തിനെതിരെയുള്ള നടപടി ഐ.ജി തലത്തിൽ തീരുമാനിക്കും. അതിനിടെ, പ്രതികളും പോലീസുകാരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഡി.സി.പി അന്വേഷണം നടത്തും.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് സ്റ്റേഷൻ അധികൃതർ വസ്ത്രം വാങ്ങി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും, സ്റ്റേഷന് മുന്നിൽ വെച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ ആഘോഷങ്ങൾ നടന്നപ്പോൾ ഇവരെ പിരിച്ചുവിടാൻ പോലീസുകാർ തയ്യാറായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാളയത്തെ വസ്ത്രവ്യാപാര ശാലയിൽ നിന്ന് പോലീസ് വാങ്ങിയ 68 ഷർട്ടുകളും ഇവരുടെ ലിസ്റ്റും അന്വേഷണസംഘം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. എസ്.എച്ച്.ഒയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉള്ള സമയത്താണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കേസ് അന്വേഷണ പുരോഗതിയെക്കുറിച്ച് സംസാരിക്കാനാണ് പ്രതികൾ സ്റ്റേഷനിൽ എത്തിയതെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്കാണ് സിറ്റി പോലീസ് കമ്മീഷണർ ശുപാർശ ചെയ്തിരിക്കുന്നത്.



