അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ജിഎസ്ടി കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ജിഎസ്ടി കമ്മീഷണർ ഈ റിപ്പോർട്ട് ഉടൻതന്നെ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വൻ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടിയുടെ അന്വേഷണ വിഭാഗം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. സ്പോൺസർമാർ നൽകിയ തുകയുടെ നികുതിയിനത്തിൽ ഏകദേശം 22 കോടിയോളം രൂപ അടയ്ക്കാനുണ്ടായിരുന്നിട്ടും അത് ഈടാക്കിയിരുന്നില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഈ വെട്ടിപ്പ് പുറത്തുവന്നുവെങ്കിലും നികുതി തിരിച്ചുപിടിക്കാൻ കർശന നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ വീഴ്ച വരുത്തിയ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം ചാർജ് മെമ്മോ നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ചും നികുതിവെട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും വിശദമായി അന്വേഷിച്ചശേഷമാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി ജിഎസ്ടി കമ്മീഷണർക്ക് കൈമാറിയത്.



